ആപ്‌തവാക്യം. "വെടക്കാക്കി തനിക്കാക്കുക"

"വെടക്കാക്കി തനിക്കാക്കുക" എന്നതാണ്‌ ആപ്‌തവാക്യം. സര്‍ക്കാര്‍ നടത്തിയാല്‍ എല്ലാം നഷ്ടത്തിലാകും എന്നു വരുത്തി തീര്‍ക്കുക. എന്നിട്ട്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ വില്‍ക്കുക. അടുത്ത 25 കൊല്ലവും ഭരിക്കാന്‍ സാധ്യതയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്കും നല്ല ഒരു ഷെയര്‍ മാറ്റിവെച്ചാല്‍ പിന്നെ എതിര്‍പ്പേ ഉണ്ടാകില്ല. ഇങ്ങനെയാണ്‌ രാഷ്ട്രീയം നല്ല ലാഭകരമായ ബിസിനസ്സായി മാറുന്നത്‌. സര്‍ക്കാര്‍ സംരംഭങ്ങളൊന്നും ഒന്നും രാഷ്ട്രീയക്കാരെകൊണ്ട്‌ നോക്കിനടത്താന്‍ കഴിയില്ല എന്നാണെങ്കില്‍, ഭരണത്തില്‍ കണിശക്കാരായിരുന്ന ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതായിരുന്നില്ലേ ഭേദം. എന്തിനായിരുന്നു ഈ നാണംകെട്ട സ്വാതന്ത്ര്യം.എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ നീക്കം ശക്തമാകുന്നു. 2014 നു മുന്‍പേ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഇരയായ ഈ സ്ഥാപനത്തെയും വില്‍ക്കും നമ്മുടെ പ്രതിനിധികള്‍. അസുഖങ്ങള്‍ക്ക് അല്ല ഇവിടെ ചികിത്സ ലക്ഷണങ്ങള്‍ക്ക് മാത്രം. അധികാരികളുടെ കണ്ണുകള്‍ ഇന്നും അടഞ്ഞു തന്നെ ഇരിക്കുകയാണ്. 

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതു മേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ നീക്കം ശക്തമാകുന്നു. എയർ ഇന്ത്യയെ ലാഭത്തിലാക്കാനുള്ള സാധ്യതകൾ പൂർണമായും അടഞ്ഞതിനാൽ സ്വകാര്യവൽക്കരണമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന വാദവുമായാണ് പുതിയ ചർച്ചകൾ സജീവമാകുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. രാജ്യം അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് മുമ്പ് തന്ത്രപരമായി എയർ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുളള നീക്കം തുടങ്ങിയത്. സ്വകാര്യവൽക്കരണ നീക്കത്തിനോടുള്ള രാഷ്ട്രീയ പ്രതികരണം അറിയാനാണ് ചർച്ചകൾക്ക് തുടക്കമിട്ടതെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ മാസങ്ങളിൽ എയർ ഇന്ത്യ പ്രവത്തന ലാഭം കൈവരിക്കുമ്പോഴാണ് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ അജിത് സിംഗ് സ്വകാര്യവൽക്കരണത്തെ കുറിച്ച് പറഞ്ഞതെന്നും ശ്രദ്ധേയം. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ എയർ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് കഴിഞ്ഞ വാരം അജിത് സിംഗ് പറഞ്ഞിരുന്നു.
സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ഇടതുപക്ഷവും ബി.ജെപിയും ശക്തമായി രംഗത്തെത്തിയതോടെ അജിത് സിംഗ് മലക്കം മറിഞ്ഞു. ആറു മാസം മാത്രം അവശേഷിക്കവേ കേന്ദ്ര സർക്കാരിന് മുന്നിൽ ഇത്തരം നിർദേശങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ സ്വകാര്യവൽക്കരണമില്ലാതെ കമ്പനിക്ക് ദീർഘകാലം മുന്നോട്ടു പോകാനാകില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അജിത് സിംഗ് കൂട്ടിച്ചേർത്തു. ഈയിടെ കേന്ദ്ര സർക്കാർ എയർ ഇന്ത്യയ്ക്ക് 32,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിരുന്നു. എയർ ഇന്ത്യയ്ക്ക് ഇനി അധികമായി പണമൊന്നും നൽകില്ലെന്നും അജിത് സിംഗ് വ്യക്തമാക്കി.

എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ചില വൻകിട ഗ്രൂപ്പുകൾ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സ്വകാര്യവൽക്കരണ ചർച്ചകൾക്ക് അടിസ്ഥാനമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. ഇതിനിടെ എയർ ഇന്ത്യ എക്‌സ്പ്രസിനെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ താത്പര്യം പ്രകടിപ്പിക്കാനും സാധ്യതയുണ്ട്.

എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുന്നു
ഏഴു വർഷത്തിനിടെ ഇതാദ്യമായി എയർ ഇന്ത്യ പ്രവർത്തന ലാഭം നേടി. കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക പാക്കേജും കിംഗ് ഫിഷർ പ്രവർത്തനം നിറുത്തിയതുമാണ് ഇക്കാലയളവിൽ എയർ ഇന്ത്യയ്ക്ക് ഗുണമായത്. മുൻവർഷം കമ്പനി ഓരോ ദിവസവും 50 കോടി രൂപ നഷ്‌ടം നേരിട്ടിരുന്നത് ഇപ്പോൾ 11 കോടി രൂപയായി കുറഞ്ഞു. ആവശ്യത്തിലധികം വിമാനങ്ങൾ വാങ്ങിക്കൂട്ടിയതും മാനേജ്മെന്റ് രംഗത്തെ പിടിപ്പുകേടുമാണ് എയർ ഇന്ത്യയെ തകർത്തത്. പ്രഫുൽ പട്ടേൽ വ്യോമയാന മന്ത്രി ആയിരുന്ന കാലയളവിൽ 24 വിമാനം വാങ്ങാൻ നിർദേശിച്ചപ്പോൾ 68 വിമാനങ്ങളാണ് അനാവശ്യമായി വാങ്ങിക്കൂട്ടിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ