വി.എസിനെ സ്‌നേഹിക്കുമ്പോള്‍....

ഇസങ്ങളൊന്നും പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത സാധാരണക്കാരായ ജനങ്ങളും മോഹന്‍ലാലിനേയും സച്ചിന്‍ തെന്‍ഡുല്‍ക്കറേയും റൊണാള്‍ഡോയേയും പോലുള്ളവരെ മാത്രം ആരാധിച്ചുശീലിച്ച യുവാക്കളും നിഷ്‌പക്ഷരായ ജനാധിപത്യസ്‌നേഹികളും വി.എസില്‍ കണ്ടത്‌, അഴിമതിക്കെതിരെ ധീരമായ നിലപാടെടുക്കുന്ന സത്യസന്ധനായ, ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെയും ഭരണാധികാരിയേയുമായിരുന്നു. പിണറായി വിജയന്‍ ഒരു പ്രഗത്ഭനായ സംഘടനാ നേതാവാണെന്നും അദ്ദേഹം കേരളം കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയായിരുന്നുവെന്നും പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ആരാധനയുണ്ടാകുന്നതുപോലെതന്നെയാണ്‌ കരുത്തനായ പ്രതിപക്ഷനേതാവെന്ന നിലയിലും പ്രഗത്ഭനായ മുഖ്യമന്ത്രിയെന്നനിലയിലും വി.എസിലും ജനങ്ങള്‍ക്ക്‌ ആരാധനയുണ്ടായത്‌. പാര്‍ട്ടി വിചാരിച്ചാല്‍ ഒരാളെ മന്ത്രിയാക്കാന്‍ കഴിയുമായിരിക്കും. പക്ഷെ അധികാരം കിട്ടികഴിയുമ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ അയാളുടെ മികവ്‌ കണക്കാക്കുന്നതില്‍ ആ വ്യക്തിയുടെ തികച്ചും വ്യക്തിപരമായ സത്യസന്ധത, ആത്മാര്‍ത്ഥത, അഴിമതികളോടുള്ള സമീപനങ്ങള്‍ തുടങ്ങിയ സ്വാഭാവസവിശേഷതകള്‍ക്കും അതിയായ സ്വാധീനമുണ്ട്‌, പ്രാധാന്യമുണ്ട്‌. നേതാക്കന്മാരുടെ തെറ്റുകളെ "രാഷ്ട്രിയമായും നിയമപരമായും" നേരിട്ടുകൊണ്ട്‌ ന്യായികരിക്കുവാന്‍ ശ്രമിക്കുന്ന പാര്‍ട്ടികള്‍ നിലനില്‍ക്കുന്ന ഈ ജനാധിപത്യവ്യസ്ഥിതിയില്‍, പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും വിജയിക്കുന്നവരോട്‌ ജനങ്ങള്‍ക്ക്‌ താത്‌പര്യം തോന്നുക സ്വാഭാവികം മാത്രം. അതൊരു വൈകാരികമായ അടുപ്പമാണ്‌. "വോട്ട്‌" എന്നതും ഒരു വൈകാരിക പ്രവൃത്തിയാണ്‌. തിരഞ്ഞടുപ്പുവേളയില്‍ നാടുനീളെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രത്തോടൊപ്പം വി.എസിന്റെ വെളുക്കനെ ചിരിക്കുന്ന ചിത്രം കൂടി വെക്കാന്‍ വെമ്പല്‍കൊണ്ടതിന്റെ പിന്നിലെ മനഃശാസ്‌ത്രവും ഈ വൈകാരികതതന്നെയായിരുന്നില്ലേ ? സമ്മേളന ചടങ്ങുകളിലെ ബാക്ക്‌ഡ്രോപ്പുകളില്‍ കാണുന്ന ഇ.എം.എസിന്റേയും എ.കെ.ജിയുടേയും ചെഗുവേരയുടേയും തലകള്‍ക്കുപിന്നിലും ഈ വൈകാരികതതന്നെയായിരുന്നില്ലേ ? പാര്‍ട്ടികളോടുള്ള വൈകാരിക അടുപ്പം കുറയുമ്പോള്‍, പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ നടത്തുന്ന വൃത്തികെട്ട കോംപ്രമൈസുകള്‍ കണ്ടുമടുക്കുമ്പോള്‍, നയസമീപനങ്ങളില്‍ വ്യതിചലനങ്ങളുണ്ടാകുന്നതുപോലെതന്നെ, വൈകാരികമായ അടുപ്പങ്ങളിലും വ്യതിചലനം സംഭവിക്കും. അത്‌ ചിലപ്പോള്‍ വി.എസിനെപ്പോലുള്ളവരിലോ ആധുനിക ഗാന്ധിമാരിലോ ചെന്നുചേര്‍ന്നേക്കാം. സ്വന്തം ദൗര്‍ബല്യങ്ങള്‍ പുതിയ എതിരാളികളെ സൃഷ്ടിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ്‌ അത്‌. ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരും അഴിമതിയെന്നത്‌ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാണ്‌ എന്ന്‌ വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വി.എസിനെപ്പോലുള്ളവര്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌. പാര്‍ട്ടിക്കും അപ്പുറത്ത്‌, രാഷ്‌ട്രീയത്തിനും അപ്പുറത്താണ്‌ എന്നേപ്പോലുള്ളവര്‍ വി.എസിനെ കാണുന്നത്‌. വിജയന്‍ മാഷിന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ "പിണക്കത്തിന്‌ അങ്ങനെയും ഒരര്‍ത്ഥമുണ്ട്‌. പക്ഷെ അത്‌ ഒരു ചൈല്‍ഡിഷ്‌ പ്രൊട്ടസ്റ്റ്‌ ആയിത്തന്നെ നില്‍ക്കും. അത്‌ ഒരു കുടുംബത്തിനു നേരെയുള്ള ഒരു പ്രതിഷേധമായി നില്‍ക്കും. കുടുംബത്തിനെതിരായതുകൊണ്ട്‌ അത്‌ ഒരു വ്യവസ്ഥക്ക്‌ എതിരായിട്ടുള്ള പ്രതിഷേധാകും. ദി സിസ്റ്റം ഓഫ്‌ ദി ഫാമിലി, ദി ഫാമിലി സിസ്‌റ്റം ഓര്‍ ഈവണ്‍ ദി ഐഡിയോളജിക്കല്‍ സിസ്റ്റം, അപ്പോള്‍ പൊളിറ്റിക്കല്‍ സിസ്റ്റം, പിണക്കത്തിന്‌ അങ്ങനെ ഒരുപാടര്‍ത്ഥങ്ങളുണ്ട്‌." വി.എസിനോട്‌ ജനങ്ങള്‍ക്കുള്ള, പാര്‍ട്ടിയിലെ അണികള്‍ക്കുള്ള, ആരാധന പാര്‍ട്ടിക്ക്‌ ഗുണമല്ലേ ചെയ്‌തിട്ടുള്ളൂ. പിന്നെന്തിനാണ്‌ വി.എസിനെ കൂടുതല്‍പ്പേര്‍ സ്‌നേഹിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ അലസോരപ്പെടുന്നത്‌. പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വി.എസിനെ സ്‌നേഹിക്കുന്നതാണോ തെറ്റ്‌ ? സ്‌നേഹവും ബഹുമാനവുമൊക്കെ ചോദിച്ചുവാങ്ങാവുന്ന ഒന്നല്ലല്ലോ? 

കുറേ നന്മകളുള്ള ഒരു വ്യക്തിയെന്നനിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നതില്‍ അഭിമാനമേയുള്ളൂ. ആ വൈകാരികത തെറ്റാണെങ്കില്‍, അണികളും അനുഭാവികളും പാര്‍ട്ടിയോടു കാണിക്കുന്ന വൈകാരിക പ്രിബദ്ധതയും തെറ്റാണെന്നു പറയേണ്ടിവരും. കാരണം സംഘടനാചട്ടക്കൂടുകള്‍ പ്രകാരം നിര്‍വ്വചിക്കുമ്പോള്‍ പാര്‍ട്ടിയും ഒരു വ്യക്തിയാണ്‌. A company or organisation may be defined as an "artificial person", invisible, intangible, created by or under law, with a discrete legal entity, perpetual succession and a common seal. A company is an association or collection of individuals, people. The members share a common purpose and unite in order to focus their various talents and organize their collectively available skills or resources to achieve specific, declared goals. അങ്ങനെയെങ്കില്‍ അന്ധമായി പാര്‍ട്ടിയെ ആരാധിക്കുന്നതും തെറ്റല്ലേ? 

വിശ്വാസമെന്നത്‌ ഒരു നേര്‍ത്ത പട്ടുനൂല്‍പോലെയാണ്‌. അത്‌ പൊട്ടാതെ നോക്കണം. പൊട്ടിപ്പോയാലും കൂട്ടികെട്ടാന്‍ കഴിയുമായിരിക്കും. പക്ഷെ അപ്പോഴും ഒരു കെട്ടുണ്ടാകും. ആ നൂലിന്‌ പഴയ സുഖമുണ്ടാവില്ല. ആശാനൊന്നു പിഴച്ചാല്‍ ശിഷ്യര്‍ക്ക്‌ അമ്പത്‌ പിഴക്കും. റോക്കറ്റ്‌ ഒരു മില്ലിമീറ്റര്‍ തിരിച്ചുവെച്ചാല്‍ അത്‌ എത്തിച്ചേരുന്നത്‌ ലക്ഷ്യത്തില്‍നിന്നും മാറി ആയിരകണക്കിന്‌ കിലോമീറ്ററുകള്‍ക്കപ്പുറത്തായിരിക്കും.പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിബദ്ധത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. അതില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ സാങ്കേതികത്വങ്ങള്‍കൊണ്ടുമാത്രം തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത വിധത്തില്‍ വൈകാരികതകള്‍ നഷ്ടപ്പെടുകതന്നെ ചെയ്യും.


Notable Comments from Facebook and my views.

Satheesan Moleri Illam സാമൂഹിക സേവനത്തിൽ പേരെടുത്തവർ ധാരാളം പേരുണ്ട്. അതിൽനിന്നു വ്യത്യസ്തമായ ഒരു പ്രാധാന്യം വി എസ് ന് കിട്ടുന്നത് പാര്‍ടിയുടെ ചട്ടക്കൂടും അതിനെ സ്നേഹിക്കുന്ന ആളുകളുടെ പിന്തുണയിൽ നിന്നാണ്‌.സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യുക എന്നല്ലല്ലോ. പാർട്ടി വേദികളില്‍ എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. താൻ പറയുന്നതാണ് ശരി എന്ന് തോന്നുന്ന അവസ്ഥയും ഭൂരിപക്ഷം അതിന് എതിരാവുകയും ചെയ്യുന്ന അവസ്ഥയില്‍ എന്തുവേണമെന്ന് പാര്‍ട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടാകും.അതു പൊതുജനങ്ങൾക്കല്ല അറിയുന്നത്. അപോൾ പാര്‍ടി വേദികളില്‍ ചർച. ചെയ്തതിന്റെ ബാക്കി പൊതുവേദികളിൽ പറഞ്ഞാല്‍ പൊതുജനത്തിന് എന്തു മനസ്സിലാകും. കമ്യൂണിസ്റ്റുകാര്‍ സിദ്ധാന്തത്തിലൂടെയാണ് വ്യക്തികളെ കാണുന്നത്. കാണുന്നവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക വഴി എന്തു സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയ അരാജകത്വ വിശ്വാസികളെ സൃഷ്ടിക്കാനെ അത് ഉതകൂ.

Praveen Sv Pappu what has happened to communist parties are they are forgetting the basics of the very philosophy for which they are standing for .if not for peoples welfare then what is the meaning in being an entity that shouts about equality.disappointingly the majority even though they are wrong are right."

Sudheer Kumar സതീശന്‍ സുഹൃത്തെ, 
വി.എസും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നങ്ങളല്ല ഞാന്‍ ഇതിലൂടെ കാണിക്കുവാന്‍ ശ്രമിച്ചത്‌. സാങ്കേതികത്വങ്ങളുടെ പേരില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വൈകാരികതകളാണ്‌. ഇന്നത്തെ രാഷ്ടീയനേതാക്കള്‍ക്ക്‌ മാതൃകയാക്കാവുന്ന ഒരുപാട്‌ നല്ല വശങ്ങള്‍ വി.എസിനുണ്ട്‌. അവ ഉയര്‍ത്തികാണിക്കുന്നത്‌, ഓര്‍മ്മപ്പെടുത്തുന്നത്‌ പോസിറ്റീവ്‌ സെന്‍സില്‍ കാണണം. വി.എസിനെ സ്‌നേഹിക്കുന്നവരെല്ലാം പാര്‍ട്ടി ശത്രുക്കളും അരാഷ്ട്രീയവാദികളും ആണെന്ന്‌ പ്രചരിപ്പിക്കുന്നതിന്റെ പിന്നിലും വി.എസും അത്ര മഹാനൊന്നുമല്ല, എന്നുവരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ചില രാഷ്ട്രീയലക്ഷ്യങ്ങളുണ്ടാകാം.


Satheesan Moleri Illam പരസ്പര വിഷയങ്ങളെകുറിച്ചല്ല ഞാനും പറഞ്ഞത്. ഒരു വ്യക്തിയെ വീക്ഷിക്കെപുടുന്നത് ,അദ്ദേഹം തൊടുന്ന ഏതു വിഷയത്തിലൂടെയും ആയിരിക്കും. അത് കാണുന്നവരുടെ സ്വാതന്ത്ര്യമാണ്.വൈകാരികത കുറഞ്ഞെന്നു തോന്നുന്നത് ശത്രു ആരെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. തത്വം വിശ്വസിക്കാന്‍ മനസുകാണിക്കുമ്പോൾ പ്രായോഗികം പഠിച്ചു പരീക്ഷ എഴുതുന്നതല്ലെന്നു മനസ്സിലാക്കുകയും ചെയ്യാം. സ്നേഹം എന്നത് നല്ലവശം മാത്രം പറയുക എന്നതല്ല.

Prakasan Acharya · Friends with Vineesh Kuthuparamba
പാർടിയിൽ ഇന്ന് നില നില്കുന്ന പല കെടുകാര്യസ്തതകളെയും ഞാൻ അന്ഗീകരിക്കുന്നില്ല എന്ന തരത്തിലുള്ള വി എസ് ന്റെ പ്രതികരണങ്ങൾ വളരെ കാലമായി തുടര്ച്ചയായി വന്നു കൊണ്ടിരിക്കുകയാണല്ലോ,,ഇത് മുൻകാലങ്ങളിൽ പാർടിയിൽ വച്ച് പൊരുപ്പിക്കുന്ന പ്രശ്നം ഉണ്ടായിരുന്നില്ല ,,,എത്ര വലിയവനായിരുന്നാലും ഇത് അനുവദിക്കുമായിരുന്നില്ല ,,
വിപ്ലവ ആദര്ശം പുലര്ത്തി വരുന്ന ഒരു പാര്ടിയും സംഘടനെയെക്കാൾ വലുതാവാൻ നേതാവിനെ അനുവദിക്കുമായിരുന്നില്ല,,ഇന്ന് വി എസ് 100% ശരിയുടെ പക്ഷത്താനെങ്കിലും
ഇതിനെ എങ്ങിനെ ന്യായീകരിക്കും,,ഒന്നുകിൽ ഒരുപാട് അണികളെയും നേതാക്കളെയും അടര്തി മാറ്റി സി പി ഐ [എം]മുമ്പ് ഉണ്ടായതുപോലെ [64 ലിൽ പിളര്ന്നതുപോലെ]മറ്റൊരു പാര്ടി രൂപീകരിക്കുക] അല്ലെങ്കിൽ താൻ സ്വയം അതിൽ തുടരാതിരിക്കുക അതുമല്ലെങ്കിൽ മിണ്ടാതിരിക്കുക 
പാര്ടികളുടെ ആദർശങ്ങൾ ഏതുമാകട്ടെ പക്ഷെ പോലീസുകാരനായി നിന്ന് കള്ളന്റെ ഭാഗം പറയുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം തുടർന്നും ഇതെല്ലാം അനുവദിച്ചുകൊണ്ട് ഒരാൾ ഒരു പാർടിയിൽ തുടര്ന് പോവുക എന്നാൽ 
നിരവധി ഇത്തരം ആവര്തനങ്ങല്കും മറ്റുല്ലവര്ക്കെല്ലാം അവസരം ലഭിക്കും എന്നല്ലേ അതിന്റെ അര്ഥം !!പിണറായി ചീത്തയോ വീസ് നല്ലതോ എന്നൊന്നുമല്ല പ്രശ്നം,,സ്നേഹത്തിനും വൈകാരികതകല്കും അപ്പുറത്ത് ജോര്ജയാലും വീസ് ആയാലും ചോറ് തിന്നുന്നിടതുള്ള കുറിനല്ലെ വില കല്പിക്കേണ്ടതു !!ഒരു കമ്യുണിസ്റ്റ് അല്ലാതിരുന്നിട്ടും എനിക്ക് അങ്ങിനെയാണ് തോനുന്നത് !!

Sudheer Kumar സതീശന്‍ സുഹൃത്തെ, ഓരോരുത്തര്‍ക്കും ഓരോ ശത്രുക്കളുണ്ടാകും. എന്നാല്‍ ഇവിടെ പൊതുശത്രു അഴിമതിയാണ്‌. നാമനിര്‍ദ്ദേശ്ശം ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ അധികാരത്തിലെത്തുമ്പോള്‍ അവര്‍ക്ക്‌്‌ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള പ്രതിരോധകുത്തിവെപ്പുകള്‍ നടത്തുന്നതിനുള്ള സംവിധാനം തങ്ങളുടെ പാര്‍ട്ടികളിലുണ്ടെന്ന്‌ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഒരു പരിധിവരെയങ്കിലും അതിനു കഴിയുന്ന വി. എസിനെപോലുള്ളവരെ അവര്‍ തഴയുകയും ചെയ്യുന്നത്‌ കാണുന്നു.

Satheesan Moleri Illam Prakasan Acharya സ്നേഹത്തിനും തുടർന്നുള്ള വൈകാരികതയും പ്രധാന്യത്തോടെ കാണുന്ന പ്രസ്ഥാനം തന്നെയാണിത്. കാരണം അത് മനുഷ്യരുടെ കാര്യമാണ് കൈകാര്യം ചെയ്യുന്നത്.വിയെസ് പാര്‍ടിയുടെ സ്വത്താണ് എന്നു പറഞ്ഞത് വൈകാരികത തന്നെയാണ്. അങ്ങനെ കാണുന്നവരുടെ മനസ്സാണ് പറഞ്ഞത്. അത്തരത്തിലുള്ള ആസ്തി കുറെയുണ്ട്.സ്വത്ത് എത്തിചേർന്ന പശ്ചാത്തലം വ്യത്യസ്തമായിരിക്കും.ഗാന്ധിജി ,സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പറയാന്‍ കാരണം വൈകാരികത ദുരുപയോഗം ചെയ്യുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്. ഇപ്പോള്‍ എന്നതാണ് സ്ഥിതി നെഹ്റു കുടുംബ പടിവാതിൽ തന്നെ.അങ്ങനെ .......

Sudheer Kumar തെറ്റുകളെ "രാഷ്ട്രിയമായും നിയമപരമായും" നേരിട്ടുകൊണ്ട്‌ ന്യായികരിക്കുവാന്‍ ശ്രമിക്കുന്ന പാര്‍ട്ടികള്‍ നിലനില്‍ക്കുന്ന ഈ ജനാധിപത്യവ്യസ്ഥിതിയില്‍, പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും വിജയിക്കുന്നവരോട്‌ ജനങ്ങള്‍ക്ക്‌ താത്‌പര്യം തോന്നുക സ്വാഭാവികം മാത്രം. അതില്‍ പാര്‍ട്ടികള്‍ക്ക്‌ "അപകര്‍ഷതാബോധം" തോന്നുന്നുണ്ടെങ്കില്‍ തിരുത്തുവാന്‍ ശ്രമിക്കുന്നതല്ലേ നല്ലത്‌.

Satheesan Moleri Illam Sudheer Kumar നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് എങ്കിലും ബോധ്യമുണ്ടായിരിക്കണം. പഞ്ചായത്ത് പോലും ഭരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. പിന്നെ ആരാണ് ജനാധിപത്യനുപുറത്ത് നിൽക്കുന്ന ആരാധനാപാത്രം. വൈകാരികബന്ധത്തെ കീറിമുച്ചു ഓടി അപകർഷത കണ്ടു പിടിച്ചു നിൽക്കുന്നു.

Prakasan Acharya · Friends with Vineesh Kuthuparamba
Satheeshan Moleri ഓരോ പാർട്ടിയും കാലങ്ങളിളുടെ സഞ്ചരിച്ചു തങ്ങളുടെ കൈയ്യിലിരിപ്പ്‌ അവസാനം ജനങ്ങളുടെ മുന്നില് തുറന്നു കാണിക്കപ്പെടുന്ന അവസ്തകളിലെത്തിചെരും!!അല്ലെങ്കിൽ സ്വാഭാവികമായ കാലിക പ്രസക്തിയില്ലാതെ അപചയങ്ങളിൽ എത്തിച്ചേരും,!! താങ്കൾ പറയുന്ന തരത്തിൽ വൈകാരികതകൾകും സ്നേഹത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ളവരുടെ ആധിക്യം ആ പാര്ടിയെ ജനകീയമാക്കും,,സജീവമാക്കും എന്നാൽ അതൊക്കെ അസ്തമിച്ചു കൊണ്ടിരിക്കുന്ന പാർടികൾ കാലക്രെമേനെ ഇല്ലാതാകാനുള്ളതാണ്,,കൊടുങ്കാറ്റിൽ ചെറു പുല്ലുകൾ മറിഞ്ഞു വീഴാരില്ലെങ്കിലും വലുതായി നില്കുന്നെങ്കിൽ സുഗന്ധം പരത്തുന്ന പുഷ്പങ്ങൾ ഉള്ളവയാനെങ്കിൽ പോലും മറിഞ്ഞു വീഴും !!

Sudheer Kumar ദയവുചെയ്‌ത്‌ എന്റെ വാക്കുകളെ വളച്ചൊടിക്കരുത്‌. "ജനാധിപത്യത്തിനുപുറത്ത്‌" എന്നു ഞാന്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ജനാധിപത്യത്തിനുള്ളിലാണ്‌ പാര്‍ട്ടികള്‍. പാര്‍ട്ടികള്‍ തമ്മിലാണ്‌ രാഷ്ട്രീയം. വി. എസ്‌നേപോലുള്ളവരുടെ പ്രതിച്ഛായ വളരുന്നത്‌ പര്‍ട്ടിക്കപ്പുറത്തേക്കും ആ പാര്‍ട്ടിയുടേയും രാഷ്ട്രീയത്തിനപ്പറത്തേക്കും മാത്രമാണ്‌. പാര്‍ട്ടികളുടെ കടമ സത്യസന്ധതയും ആത്മാര്‍ത്ഥതയും ജനങ്ങളോട്‌ പ്രതിബദ്ധതയുമുള്ള സ്ഥാനാര്‍ത്ഥികളെ വാര്‍ത്തെടുത്ത്‌ നാമനിര്‍ദ്ദേശം ചെയ്യുക എന്നതാണ്‌. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍, അധികാരത്തിലേറികഴിഞ്ഞാല്‍ ഒരാള്‍ ജനപ്രതിനിധിയാണ്‌.പാര്‍ട്ടി വിചാരിച്ചാല്‍ ഒരാളെ മന്ത്രിയാക്കാന്‍ കഴിയുമായിരിക്കും. പക്ഷെ അധികാരം കിട്ടികഴിയുമ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ അയാളുടെ മികവ്‌ കണക്കാക്കുന്നതില്‍ ആ വ്യക്തിയുടെ തികച്ചും വ്യക്തിപരമായ സത്യസന്ധത, ആത്മാര്‍ത്ഥത, അഴിമതികളോടുള്ള സമീപനങ്ങള്‍ തുടങ്ങിയ സ്വാഭാവസവിശേഷതകള്‍ക്കും അതിയായ സ്വാധീനമുണ്ട്‌, പ്രാധാന്യമുണ്ട്‌. . അങ്ങനെയാണ്‌ പിണറായി വിജയന്‍ കേരളം കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയും വി.എസ്‌്‌. കരുത്തനായ പ്രതിപക്ഷനേതാവും പ്രഗത്ഭനായ മുഖ്യമന്ത്രിയും ആയിമാറുന്നത്‌. അതിനും മുന്‍പ്‌ എത്രയോ വൈദ്യുതിമന്ത്രിമാര്‍ ഭരിച്ചു. എത്ര പ്രതിപക്ഷനേതാക്കന്മാര്‍ ഉണ്ടായിരുന്നു. എത്രയോ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇ. ശ്രീധരനും വിനോദ്‌ റായിയും ഋഷിരാജ്‌ സിങ്ങുമൊക്കെ ജനപ്രീതി കൈവരിക്കുന്നതും അങ്ങനെയാണ്‌. അതും സംഭവിക്കുന്നത്‌ ഈ ജനാധിപത്യത്തിനുള്ളില്‍തന്നെയാണ്‌. തെറ്റ്‌ പറ്റുന്നത്‌, തിരുത്താതിരിക്കുന്നത്‌, തെറ്റുകളെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്‌ പാര്‍ട്ടികളാണ്‌. ഈ ജനാധിപത്യമെല്ലാം ഞങ്ങളുടെ "കൈപിടിയിയി"ലാണെന്ന പാര്‍ട്ടികളുടെ അഹങ്കാരം കൊണ്ടായിരിക്കാം ഇങ്ങനെയൊരു സമീപനം ഉണ്ടാകുന്നത്‌. വി.എസിനോട്‌ ജനങ്ങള്‍ക്കുള്ള, പാര്‍ട്ടിയിലെ അണികള്‍ക്കുള്ള, ആരാധന പാര്‍ട്ടിക്ക്‌ ഗുണമല്ലേ ചെയ്‌തിട്ടുള്ളൂ. പിന്നെന്തിനാണ്‌ വി.എസിനെ കൂടുതല്‍പ്പേര്‍ സ്‌നേഹിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ അലസോരപ്പെടുന്നത്‌. ഇനിയും അത്തരം നേതാക്കളെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ പ്രതിഫലനം മാത്രമാണത്‌. അത്‌ പാര്‍ട്ടിയോടുള്ള എതിര്‍പ്പായി തെറ്റിദ്ധരിക്കരുത്‌.

Satheesan Moleri Illam ഒരു വ്യക്തിയിലൂടെ പ്രസ്ഥനത്തെക്കാണുന്നതും , പ്രസ്ഥാനത്തിലൂടെ വ്ക്തിയെ കാണുന്നതും. രണ്ടും രണ്ടുതരത്തിലുള്ള നിഗമനത്തിലെ എത്തിച്ചേരൂ. അസൂയ അലോസരം എന്നൊക്കെ തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങള്‍ എങ്ങിനെ കാണുന്നതും അതു നിങ്ങളുടെ ഇഷ്ടം. ഇത് പ്രതിബദ്ധത.ഈ പാര്‍ടി വളര്‍ത്തി എടുത്തവരുടെ കാലശേഷം ഇല്ലാതാകുന്ന പ്രസ്ഥാനമല്ല cpim. സാമൂഹ്യ പ്രവര്‍ത്തനം ആഗ്രഹിച്ചു പാര്‍ടി വരുന്നവർ അതിന്റെ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഉൾപാർട്ടിജനാധിപത്യ വ്വസ്ഥാനുസരണം അംഗങ്ങളുടെ അഭിരുചിയും കഴിവും പരിഗണിച്ചു അംഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം സ്ഥാനവും നൽകാറുണ്ട് . ആ മേഖലയില്‍ കഴിവു തെളിയിക്കുന്നതിൽ ആ വ്യക്തിയുടെ വ്യക്തിത്വം വളരെ പ്രധാനം തന്നെയാണ്. അത് പക്ഷെ പ്രസ്ഥാനത്തിന്റെ ചട്ടക്കുടിൽ നിന്നുകൊണ്ടാണ്.പാര്‍ടിക്കുള്ളിലുള്ള എന്തു പ്രശ്നവും പരിഹരിക്കാന്‍ കെൽപുള്ള പാര്‍ടിയാണ് cpim.അത് sms ന്റെ എണ്ണം നോക്കിയല്ല.വി എസ് ഇതെല്ലാം നല്ലവണ്ണം അറിയുന്ന ആളാണ്. അതുകൊണ്ട് സാങ്കേതികത്വം വൈകാരികം എന്നെല്ലാം പറഞ്ഞ് നിഷ്കൃയത്തത്തിന്റ തോളില്‍ കൈയ്യിട്ടു കാണിച്ചാൽ നാണിച്ചു തലതാഴ്ത്തുമെന്നും കരുതുന്നതിൽ ഒരു കാര്യവുമില്ല .

Sudheer Kumar താങ്കളുടെ പാര്‍ട്ടിയോടുള്ള കൂറിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. പക്ഷ താങ്കള്‍ സൂചിപ്പിച്ച ആ ഒരു "ചട്ടക്കൂടു"ണ്ടല്ലോ ? അത്‌ അത്ര ശക്തമാണെന്നൊന്നും എനിക്ക്‌ തോന്നിയിട്ടില്ല. കാരണം ആ ചട്ടകൂടിനുള്ളില്‍ എടുത്ത പല തീരുമാനങ്ങളും വളരെപെട്ടെന്ന്‌ തന്നെ, പലതവണ തിരുത്തേണ്ടിവന്ന സാഹചര്യങ്ങള്‍ നമുക്ക്‌ മുന്നിലുണ്ട്‌. അതിനു പ്രേരിപ്പിച്ച ഘടകങ്ങളില്‍ പലതും ആ ചട്ടക്കൂടിന്‌ പുറത്തായിരുന്നു എന്നതും മറക്കാറായിട്ടില്ല. കുറച്ചുനാളുകള്‍ക്കുമുമ്പാണ്‌ ആ ചട്ടക്കൂടിനെ ഓലകൊണ്ടുള്ള ദുര്‍ബലമായ ഒരു "മറവാതില്‍പോലെ" എടുത്തുമാറ്റിവെച്ചുകൊണ്ട്‌ ഒരു നാടാര്‍ അപ്പുറത്തെ പറമ്പിലേക്ക കടന്ന വെല്ലുവിളിച്ചത്‌. ഒരു കാലത്ത്‌ വലിയ വലിയ നേതാക്കളെപ്പോലും പുഷ്‌പം പോലെ പുറത്താക്കിയ പാര്‍ട്ടിക്ക്‌ ഇന്നതിന്‌ കഴിയുന്നില്ല. പാര്‍ട്ടിയെ ധിക്കരിച്ച്‌ പോയവനെ ഒതുക്കാനും കഴിയുന്നില്ല. രാഷ്ട്രീയ പ്രതിയോഗികള്‍ ദുരുപയോഗം ചെയ്യുമെന്ന്‌ പറഞ്ഞ്‌ വിവരാവകാശനിയമമെന്ന ചെറുകാറ്റിനെപ്പോലും ആ ചട്ടക്കൂട്‌ ഭയക്കുന്നു. അധികാരമോഹം, വിഭാഗീയത, വിധേയത്വം, സ്‌ത്രീലമ്പടത്വം തുടങ്ങിയ ദുര്‍ബല വികാരങ്ങള്‍ ആ ചട്ടകൂടില്‍ വിള്ളലുകള്‍ വരുത്തിയിരിക്കുന്നു. സ്വന്തം ദൗര്‍ബല്യങ്ങളാണ്‌ മടുപ്പിലേക്കും, നിര്‍വ്വികാരതയിലേക്കും, നിഷ്‌ക്രിയതയിലേക്കും നയിക്കുന്നത്‌. സ്വന്തം ദൗര്‍ബല്യങ്ങളാണ്‌ "പൊതുശത്രുവിനേക്കാളും" അപകടകാരികളായ പുതിയ എതിരാളികളെ സൃഷ്ടിക്കുന്നത്‌. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു എന്നതിന്റെ കാരണങ്ങള്‍ തേടിച്ചെല്ലുമ്പോള്‍ നിങ്ങള്‍ എത്തിച്ചേരുക എന്റെ പോസ്‌റ്റില്‍ സൂചിപ്പിച്ച നഷ്ടപ്പെട്ടുപോകുന്ന സത്യസന്ധത, ആത്മാര്‍ത്ഥത. പാര്‍ട്ടിക്കുമപ്പുറത്ത്‌ രാഷ്ട്രീയമെന്താണെന്നുപോലും അറിയാത്ത ജനങ്ങളുണ്ടെന്ന്‌ തിരിച്ചറിയല്‍, തുടങ്ങിയ വൈകാരികതകളിലായിരിക്കും. അതല്ല, ഇതിനെല്ലാം പുറകില്‍ വര്‍ഗ്ഗശത്രുക്കളുടെ അപവാദപ്രചരണം, നിഷ്‌പക്ഷതയുടെ കുപ്പായമിട്ട്‌ നിഷ്‌ക്രിയതയുടെ തോളില്‍ കൈയ്യിട്ട്‌ അരാഷ്ട്രീയ വാദികള്‍ പറഞ്ഞുപെരുപ്പിക്കുന്ന നട്ടാല്‍ മുളയ്‌ക്കാത്ത നുണകള്‍, പാര്‍ട്ടിവിട്ട്‌ പുറത്തുപോയവരുടെ കുത്തിതിരുപ്പുകള്‍ എന്നീ നിഗമനങ്ങളിലാണ്‌ എങ്കില്‍, അത്‌ സത്യത്തിനുനേരെയുള്ള മുഖം തിരിക്കലാകും. ലാല്‍ സലാം സഖാവെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ