നിഷ്‌പക്ഷതയുടെ പക്ഷം


ഈയിടെ ഫേയ്‌സ്‌ബുക്ക്‌ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയില്‍ ഒരു സുഹൃത്തിന്റെ രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തിയുള്ള പോസ്‌റ്റ്‌ കണ്ടു. ജാതിമതങ്ങളെ അടിസ്ഥാനമാക്കിയുള്ള തീവ്രവാദ സംഘടനകളേക്കാള്‍ വലിയ "ക്ഷുദ്രജീവികള്‍" എല്ലാ പാര്‍ട്ടികളും "ഒരു കണക്കാണ്‌" എന്നു പറയുന്ന വിഭാഗക്കാരാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ വാള്‍ പോസ്‌റ്റ്‌. അദ്ദേഹത്തിന്റെ മറ്റു ചില പോസ്‌റ്റുകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ അദ്ദേഹം കടുത്ത ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്‌ എന്നാണ്‌.

ഈ അടുത്ത കാലത്തുണ്ടായിട്ടുള്ള എന്റെ അനുഭവങ്ങളില്‍നിന്നും പെറുക്കിയെടുക്കുമ്പോള്‍ ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്ന എല്ലാവരും കടുത്ത സി.പി.ഐ.എം നോട്‌ ചായിവുള്ള ഇടതുപക്ഷ ചിന്താഗതിക്കാരാണ്‌ എന്നതും ഇവര്‍ വ്യത്യസ്‌ത സ്ഥലങ്ങളില്‍ ഉള്ളവരാണെന്നും ശ്രദ്ധേയമാണ്‌. അതുകൊണ്ടുതന്നെ അത്തരം നിലപാട്‌ സ്വീകരിക്കുന്നവരെ (
 "ക്ഷുദ്രജീവികള്‍" ) മുളയിലെ തളര്‍ത്തിക്കളയുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിക്ലാസ്സുകളില്‍ അത്തരം സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്‌ എന്നുവേണം കരുതാന്‍.

അങ്ങനെയുള്ളവരുടെ എണ്ണം കൂടിവരുന്നത്‌ എല്ലാ രാഷ്ട്രീയക്കാരെയും അസ്വസ്ഥരാക്കുന്നുണ്ട്‌ എന്നും കരുതിക്കൂടെ ? എല്ലാ മുതലാളിമാരും "ഒരു കണക്കാ"ന്ന്‌ ആദ്യം പറഞ്ഞതും എല്ലാ മതങ്ങളും "ഒരു കണക്കാ"ന്ന്‌ ആദ്യം പറഞ്ഞതും കമ്മ്യൂണിസമൊഴികെ ബാക്കിയെല്ലാം, ജനാധിപത്യം പോലും, `ഒരു കണക്കാ`ന്ന്‌ ആദ്യം പറഞ്ഞതും നമ്മളൊക്കെ തന്നെയായിരുന്നു. പിന്നീട്‌ ചില മുതലാളിമാരൊക്കെ നല്ലവരാണെന്നും അടവുനയമെന്ന പേരില്‍ ചില മതജാതി കൂട്ടങ്ങളെ കൂട്ടുപിടിക്കുന്നതില്‍ തെറ്റില്ലെന്നും ജനാധിപത്യത്തിലൂടെ, പ്രായോഗിക രാഷ്ട്രീയത്തിലൂടെ വിപ്ലവലക്ഷ്യങ്ങള്‍ നേടാമൊന്നുമൊക്കെ മാറിചിന്തിച്ചതും നമ്മളൊക്കെതന്നെയല്ലേ. അസംതൃപ്‌തികളില്‍നിന്നും എതിര്‍പ്പുകളില്‍ നിന്നുമാണ്‌ പുതിയ ചിന്തകളും പാര്‍ട്ടികളും രൂപപ്പെടുന്നതും വളരുന്നതും. നിഷേധവോട്ടുകള്‍ പോലെയുള്ള സംവിധാനങ്ങള്‍, ഒരുപക്ഷെ, നാളെ പക്ഷം ചേരാത്തവന്റെ ശബ്ദമായിക്കൂടെന്നുണ്ടോ?

പക്ഷം ചേരാത്തവന്‌ വ്യക്തമായ പക്ഷം ഉണ്ടന്ന വാദം ഇടതുപക്ഷം മാത്രമാണ്‌ ഉന്നയിക്കുന്നത്‌ എന്നതാണ്‌ പ്രസക്തം. അതിന്റെ കാരണം ഒന്നുകില്‍ തമ്മില്‍ ഭേദം തൊമ്മനെന്ന പ്രതിച്ഛായയുള്ള ഇടതുപക്ഷത്തില്‍പോലും വിശ്വാസം നഷ്ടപ്പെടുന്നവരാണ്‌ നിഷ്‌പക്ഷമതികളായി മാറുന്നത്‌ എന്ന്‌ കരുതണം അല്ലെങ്കില്‍ പക്ഷം ചേരാത്തവര്‍ ഉണ്ടാക്കുന്ന നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്‌ ഇടതുപക്ഷമാണ്‌ എന്ന്‌ കരുതണം. പക്ഷെ അത്‌ വിരല്‍ ചൂണ്ടുന്നത്‌ നമ്മുടെതന്നെ ദൗര്‍ബല്യങ്ങളിലേക്കും പോരായ്‌മകളിലേക്കുമാണ്‌. സ്വയം ദുര്‍ബലരാവുന്നതിലൂടെ എതിരാളികള്‍ ശക്തി പ്രാപിക്കുന്ന നിസ്സഹായകരമായ അവസ്ഥ എന്നും പറയാം.

ഗാന്ധിജിയും ചെഗുവേരയും എല്ലാം ഒരു കാലഘട്ടത്തിന്റെ വൈകാരികതയുടെ പ്രതീകങ്ങള്‍ മാത്രമാണ്‌. സ്‌നേഹവും വിനയവും സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ്‌ ഏറ്റവും വലിയ ഇസങ്ങള്‍. അത്‌ നഷ്ടപ്പെടുമ്പോള്‍ ഇടതു വലതു മത പക്ഷത്തുള്ളവരെല്ലാം ഒരുപോലെ "ഒരു കണക്കായി" മാറും. പാര്‍ട്ടികള്‍ അടയിരുന്ന്‌ വിരിയിക്കുന്ന മുട്ടകളില്‍നിന്നും പുറത്തുവരുന്ന നേതാക്കന്‍മാര്‍ക്ക്‌്‌, തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയിലേക്കുള്ള പാതകളില്‍ ഈ പറഞ്ഞ വ്യക്തി സവിശേഷതകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലെ രാഷ്‌ട്രീയപാര്‍ട്ടികളില്‍ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. അപ്പോള്‍ അണികളും അനുഭാവികളും നിര്‍വ്വികാരതയോടെ, നീരസത്തോടെ, നിഷ്‌പക്ഷതയോടെ 
നിരര്‍ത്ഥകമായ  നിഷ്‌ക്രിയതയിലേക്ക്‌ ഉള്‍വലിയും. ഹിന്ദി കവിയായ കബീര്‍ദാസിന്റെ കവിതയില്‍ വായിച്ചിട്ടുണ്ട്‌, സ്‌നേഹവും വിശ്വാസവുമൊക്കെ ഒരു നേര്‍ത്ത നൂലുപോലെയാണ്‌. അത്‌ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്‌. ഇനി അഥവാ പൊട്ടിപ്പോയാലും കൂട്ടികെട്ടാന്‍ കഴിയുമായിരിക്കും. പക്ഷെ ഇടയില്‍ ഒരു കെട്ടുണ്ടാകും. അസുഖകരമായ, തടസ്സപ്പെടുത്തുന്ന, അലസോരപ്പെടുത്തുന്ന ഒരു കെട്ടുണ്ടാകും. ഇവിടെ ഒരു ജനാധിപത്യ വ്യവസ്ഥയുണ്ടെന്ന ബോധമുള്ളവരില്‍, 50 ശതമാനം പേര്‍ ഒരു കക്ഷിയുടെ തെറ്റുകള്‍ക്ക്‌ പിന്തുണ നല്‍കുകയും 50 ശതമാനം പേര്‍ മറ്റൊരു കക്ഷിയുടെ തെറ്റുകള്‍ക്ക്‌ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഒന്നുകില്‍ ചെകുത്താന്റെയൊപ്പം അല്ലെങ്കില്‍ കടലിനൊപ്പം, ഒന്നുകില്‍ അമേരിക്കയോടൊപ്പം അല്ലെങ്കില്‍ തീവ്രവാദികളോടൊപ്പം, എന്നു പറയുന്നതുപോലെ. നിഷ്‌പക്ഷ സമീപനം സ്വീകരിക്കുന്നവരെ ജനാധിപത്യവിരുദ്ധര്‍ എന്നാണ്‌ ചിലര്‍ വിളിക്കുന്നത്‌. അധികാരത്തിലെത്തുമ്പോള്‍ എല്ലാ പാര്‍ട്ടികളും ഒരുപോലെ അഴിമതി നടത്തുമ്പോള്‍, ഭരണപക്ഷവും പ്രതിപക്ഷവും പരസ്‌പരം കൂട്ടികൊടുക്കുമ്പോള്‍, ആരുടെ പക്ഷത്തുനില്‍ക്കണം ? ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നത്‌, ഇവിടെ ഇങ്ങനെയൊക്ക തന്നെയേ നടക്കാന്‍ പാടുള്ളു എന്ന്‌ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്‌. പക്ഷം ചേരാതെ, കൊടി നോക്കാതെ, നല്ലതിനെ അംഗീകരിക്കുകയും തെറ്റുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു നിഷ്‌പക്ഷം വളര്‍ന്നുവരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നെ അവര്‍ പരിഹസിക്കും. എന്നിട്ടും തോല്‍ക്കുകയാണെന്ന്‌ തിരിച്ചറിയുമ്പോള്‍ അവര്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാന്‍ വരും. സമയമെടുക്കുമായിരിക്കും. പക്ഷെ ഒടുവില്‍ വിജയം സത്യസന്ധതക്കും ആത്മാര്‍ത്ഥതക്കും തന്നെയായിരിക്കും. സത്യസന്ധതയാണ്‌ ഏറ്റവും വലിയ ഇസം. കോണ്‍ഗ്രസിന്റെ ഇസമോ, കമ്മ്യൂണിസമോ, മാര്‍ക്‌സിസമോ, രാമനിസമോ, മുസ്ലിം ഇസമോ അല്ല.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ