നിഷേധ വോട്ട്‌


എല്ലാ നിയമങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യപ്പെടാനുള്ളതാണ്‌. ഇത്‌ ഒരു പരീക്ഷണത്തിന്റെ തുടക്കം മാത്രമായി സ്വാഗതം ചെയ്യുക. എതിര്‍പ്പുകളും ആശയകുഴപ്പങ്ങളും വാഗ്വാദങ്ങളും ഉണ്ടാകും. അത്‌ സ്വാഭാവികമാണ്‌. ട്രാക്‌റ്റര്‍ വന്നപ്പോഴും കമ്പ്യൂട്ടര്‍ വന്നപ്പോഴും എതിര്‍ത്ത നാടാണിത്‌. പുതിയ മാറ്റങ്ങളെ അംഗീകരിക്കുവാന്‍ സമയമെടുക്കും. പക്ഷെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പാര്‍ട്ടികളിലെ കോക്കസുകളാണ്‌ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്‌. അവര്‍ അത്‌ പരമാവധി മുതലെടുക്കുകയും ചെയ്യുന്നുണ്ട്‌. മാഫിയകള്‍ക്കും അത്യാഗ്രഹികള്‍ക്കും എളുപ്പം കടന്നു കയറാന്‍ പറ്റുന്ന വിധം ദുര്‍ബലമാണ്‌ ഇപ്പോഴത്തെ നമ്മുടെ പാര്‍ട്ടികളുടെ ഘടന. അതിനാല്‍ ഇതിനെ പോസിറ്റീവായി കാണുക. രണ്ടല്ല. മുന്നല്ല, നാലല്ല, എത്രതവണ റീ ഇലക്ഷന്‍ നടത്തിയാലും, തിരഞ്ഞെടുക്കപ്പെട്ട കള്ളന്മാര്‍ കട്ടെടുക്കുന്ന തുകയോളം വരില്ല അതിനുവേണ്ടി വരുന്ന ചിലവ്‌.

ഏതെങ്കിലും ഒരാളെ തിരഞ്ഞെടുത്തേ പറ്റൂ എന്ന നിസ്സഹായവസ്ഥയിലാണ്‌ നാം. പാര്‍ട്ടി ടിക്കറ്റ്‌ കൊടുത്താല്‍, കുറച്ചു മാഫിയകളുടെ പിന്തുണയുമുണ്ടെങ്കില്‍, പിന്നെ രക്ഷപ്പെട്ടു എന്ന രാഷ്ട്രീയ അവസ്ഥ മാറണം. പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്‌താലും ജനങ്ങള്‍ക്കുവേണ്ട എന്നു പറയാന്‍ കഴിയണം. പാര്‍ട്ടികള്‍ നിര്‍ത്തിയിരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും ഒരുപോലെ മുമ്പ്‌ നമ്മെ ഭരിച്ചുമുടിച്ചിട്ടുള്ളവരാണെങ്കില്‍ അവരെ നമുക്ക്‌ സ്ഥാനാര്‍ത്ഥികളായി വേണ്ട എന്നു പറയാന്‍ കഴിയണം. അങ്ങനെ വരുമ്പോള്‍ രാഷട്രിയപാര്‍ട്ടികള്‍ നല്ല സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്താന്‍ നിര്‍ബന്ധിതരാകും. മത്സരത്തില്‍ ആര്‌ ജയിച്ചു എന്നതിനേക്കാളുപരി, ആരൊക്കെ മത്സരിക്കാന്‍ ഉണ്ടായിരുന്നു എന്നതാണ്‌ പ്രസക്തം. വേണം  " റൈറ്റ്‌ ടു റിജക്‌റ്റ്‌ " അഥവാ നിഷേധിക്കുവാനുള്ള അവകാശവും.


നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. 

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് ഇന്ന് വിധിപറഞ്ഞത്. 

ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി 'ഇതൊന്നുമല്ല' -എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്.

ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.