രാഷ്ട്രീയവും ആശ്രിതവാത്സല്യവും .


രാഷ്ട്രീയത്തിന്റെ ദൂഷ്യവശങ്ങളിലൊന്നാണ്‌ ആശ്രിതവാത്സല്ല്യം. രാഷ്ട്രീയത്തില്‍ ഒരു മേല്‍വിലാസം ഉണ്ടാകുന്നതുവരെ എല്ലാ നേതാക്കന്‍മാരും നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടും. എന്നാല്‍ ഒന്ന്‌ ഇരുത്തം വന്നു കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്ക്‌ ഗുണമുള്ള വിഷയങ്ങളില്‍ മാത്രമേ ഇടപെടുകയുള്ളൂ. തങ്ങളെ തേടിവരുന്നവരെ മാത്രമേ അവര്‍ സഹായിക്കുകയുള്ളൂ. ഇതിന്റെ ഫലമായി അവരുടെ രാഷ്ട്രീയസേവനം ഒരു കോക്കസ്സിനുള്ളിലേയ്‌ക്ക്‌ ചുരുങ്ങിപോകുന്നു. അവരുടെ ചിന്താഗതികള്‍ ചുരുങ്ങിപോകുന്നു. സങ്കുചിതമായി മാറുന്നു. അവര്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ തെറ്റും ശരിയും നോക്കാതെ നേതാക്കളുടെ പ്രവൃത്തികളെയും വീക്ഷണങ്ങളെയും ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നു. തക്കം കിട്ടുമ്പോള്‍ അവര്‍ തന്റേതായ ഒരു കോക്കസിനെ രൂപപ്പെടുത്താന്‍ ശ്രമിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. തേടിവരുന്നവരെ മാത്രം സഹായിക്കുന്നത്‌, അല്ലെങ്കില്‍ ആശ്രയിച്ചു നില്‍ക്കുന്നവരുടെ താത്‌പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ നോക്കുന്നവര്‍, മാതൃകയാക്കുന്നത്‌്‌ മാഫിയസംഘങ്ങളുടെ പ്രവര്‍ത്തനശൈലിയാണ്‌. അതിനെ രാഷ്ട്രീയമെന്നോ ജനസേവനമെന്നോ വിളിക്കുവാന്‍ കഴിയില്ല. കുറേ കഴിയുമ്പോള്‍ അവര്‍ തങ്ങളുടെ താത്‌പര്യങ്ങള്‍ അംഗീകരിക്കാത്തവരെ പുകച്ച്‌്‌ പുറത്താക്കുകയും ഒരു പാര്‍ട്ടിയെ തന്നെ ഹൈജാക്ക്‌ ചെയ്യുകയും ചെയ്യുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ ശൈലിയാണ്‌ തുടരുന്നത്‌. ഇത്‌ ഒരു മോശം പ്രവണതയാണ്‌. ഇത്‌ നമ്മുടെ ജനാധിപത്യം നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ്‌. അധികാര കസേരകള്‍ക്ക്‌ ചുറ്റുമുള്ളവര്‍ക്കു മാത്രം അനുഭവിക്കാനുള്ളതാണോ ഭരണത്തിന്റെ നേട്ടങ്ങള്‍. ജനങ്ങള്‍ അനുഭവിക്കുന്ന പൊതുവായ പ്രശ്‌നങ്ങളെ എല്ലാ പാര്‍ട്ടികളും ഒരു പോലെ അവഗണിക്കുന്നതിന്‌ കാരണം ഈ സങ്കുചിതമായ ശൈലിയാണ്‌. രാഷ്ട്രീയ സംഘടനകള്‍ വളര്‍ത്തിയെടുക്കുന്നത്‌ സ്വാര്‍ത്ഥതയും സങ്കുചിതത്വവും നിറഞ്ഞ സേവനശൈലിയാണ്‌.ആശ്രിത വാത്സല്ല്യം തന്നെയാണ്‌ പാര്‍ട്ടികളുടെ ദൗര്‍ബല്യം. അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടിയെ വളര്‍ത്താനാണ്‌്‌്‌ എല്ലാ മന്ത്രിമാരുടേയും സമയം പരമാവധി ഉപയോഗപ്പെടുത്തുന്നത്‌. പാര്‍ട്ടികള്‍ അത്‌ തങ്ങളുടെ അവകാശമായി കണക്കാക്കുന്നു. ചുരുങ്ങിയ പക്ഷം സ്വന്തം വകുപ്പിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലെങ്കിലും എത്തി പ്രസ്‌തുത ഓഫീസുകളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ സജീവമാക്കുന്നതിനോ അവര്‍ക്ക്‌ സമയമില്ല. ഒരു പരിധി വരെ നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണെങ്കില്‍, അതിലൂടെ ജനങ്ങള്‍ക്ക്‌്‌ ഒട്ടേറെ സേവനങ്ങള്‍ ചെയ്യുവാന്‍ കഴിയും. ഉദ്‌ഘാടനങ്ങള്‍ക്ക്‌ മന്ത്രിമാര്‍ തന്നെ വേണമെന്നതിന്റെ മനശാസ്‌ത്രം എന്തുതന്നെയും ആയിക്കൊള്ളട്ടെ. അതിലൂടെ പാഴാക്കപ്പെടുന്നത്‌ രാജ്യത്തിന്റെയും സമൂഹത്തിന്റേയും ക്ഷേമപ്രവര്‍ത്തനങ്ങല്‍ക്ക്‌ നേതൃത്വം നല്‍കേണ്ട വളരെയധികം ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതായിട്ടുള്ള മന്തിമാരുടെ വിലപ്പെട്ട സമയവും ക്രിയാത്മകതയുമാണ്‌.

അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ സ്വന്തം പാര്‍ട്ടിയെ അനുസരിക്കാതിരിക്കണമെന്നോ അല്ലെങ്കില്‍ പാര്‍ട്ടിയെ തള്ളിപറയണമെന്നോ എന്നല്ല ഉേേദ്ദശിക്കുന്നത്‌. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക്‌ വലിയ ഉത്തരവാദിത്വമുണ്ട്‌. ഒരു മന്ത്രിയെന്ന നിലയില്‍ ആ വ്യക്തിയെ അയാളില്‍ അര്‍പ്പിതമായിട്ടുള്ള ഉത്തരമാദിത്വങ്ങള്‍ നിറവേറ്റുന്നതിന്‌ ആവശ്യമായ സമയവും സാഹചര്യവും സ്വാതന്ത്ര്യവും കൊടുക്കേണ്ടത്‌ ആ പാര്‍ട്ടിയുടെ ധാര്‍മ്മികമായ ചുമതലയാണ്‌. മന്ത്രിയെയോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളേയോ ഉപയോഗപ്പെടുത്തേണ്ടത്‌ ഈ നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ്‌. ആ മന്ത്രിയുടെ സേവനങ്ങളിലൂടെയാണ്‌ പാര്‍ട്ടി ജനങ്ങളുടെ മനസ്സില്‍ ഇടം നേടേണ്ടത്‌, അതിലൂടെയാണ്‌ പാര്‍ട്ടി വളരേണ്ടത്‌. അല്ലാതെ മന്ത്രിക്കു ചുറ്റും പാര്‍ട്ടിയുടെ ഒരു വലയം തീര്‍ത്ത്‌ അധികാരത്തിന്റെ അപ്പകഷ്‌ണങ്ങള്‍ പങ്കുവെച്ച്‌, പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ക്കുമാത്രമായി മന്ത്രിയെ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കിയേ പറ്റൂ. ജനപ്രതിനിധികള്‍ക്കു വേണ്ടത്‌ ഇടുങ്ങിയ ചിന്താഗതികളല്ല. ഉയര്‍ന്ന മൂല്യബോധമാണ്‌. അവര്‍ പ്രാവര്‍ത്തികമാക്കേണ്ടത്‌ പ്രായോഗിക രാഷ്ട്രീയമല്ല, നിസ്വാര്‍ത്ഥമായ പൊതുസേവനമാണ്‌. പാര്‍ട്ടികളുടെ മൂശയിലാണ്‌ നേതാക്കന്മാര്‍ രൂപപ്പെടുന്നത്‌. പാര്‍ട്ടികളുടെ ആശയങ്ങള്‍ എന്തുതന്നെയായാലും, അതിലൂടെ വളര്‍ന്നുവരുന്ന നേതാക്കന്മാരും, അവരില്‍നിന്നും തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളും, സത്യസന്ധരും നിസ്വാര്‍ത്ഥരുമാണെന്ന്‌ ഉറപ്പുവരുത്തുവാന്‍, അവരുടെ സേവനത്തിന്റെ ഫലങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുവാന്‍, എല്ലാ പാര്‍ട്ടികള്‍ക്കും പൊതുവായ ചില മാനദണ്ഡങ്ങള്‍ ഉണ്ടായേ മതിയാകൂ.

പാര്‍ട്ടിയും തിരഞ്ഞടുക്കപ്പെടുന്നവരും തമ്മില്‍ അകലം പാലിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായ ജനാധിപത്യം സാധ്യമാകുകയുള്ളൂ. അങ്ങനെ ഒരു അകലം ഇല്ലാത്തതുകൊണ്ടാണ്‌ തോറ്റാലും ജയിച്ചാലും ഒരേ നേതാക്കന്‍മാര്‍ തന്നെ വീണ്ടും വീണ്ടും മത്സരിക്കുവാനെത്തുന്നത്‌. വര്‍ഷങ്ങളായി ഒരേ മന്ത്രിമാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുന്നത്‌. ആര്‌ മന്ത്രിയായാലും പാര്‍ട്ടിയുടെ കൂച്ചുവിലങ്ങിലാണ്‌ അവര്‍ ഭരിക്കുന്നത്‌. പാര്‍ട്ടിയുടെ താത്‌പര്യങ്ങളാണ്‌, ജനങ്ങളുടെ താത്‌പര്യങ്ങളല്ല, സംരക്ഷിക്കപ്പെടുന്നത്‌. പാര്‍ട്ടിയെ സഹായിച്ചവര്‍, പാര്‍ട്ടിക്ക്‌ ഫണ്ട്‌ നല്‍കിയവര്‍, പാര്‍ട്ടി ഗുണ്ടകള്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്കാണ്‌ പ്രാധാന്യം. ജനസംഖ്യയും ഓരോ പാര്‍ട്ടികളുടേയും അംഗസംഖ്യയും ചേര്‍ത്തുവായിച്ചാല്‍ പാര്‍ട്ടി എന്നത്‌, വെറും നാമമാത്രമാണെന്ന്‌ മനസ്സിലാക്കാം. പക്ഷമില്ലാത്ത ഇവിടത്തെ ബഹുഭൂരിപക്ഷം ജനവിഭാഗത്തിന്റെ താത്‌പര്യങ്ങള്‍ ആര്‌, എപ്പോള്‍, എവിടെ സംരക്ഷിക്കപ്പെടും. അതുകൊണ്ട്‌ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ, അവര്‍ അധികാര പരിധയില്‍ ഇരിക്കുന്ന കാലയാളവിലെങ്കിലും, പാര്‍ട്ടികളുടെ വലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തേണ്ടതുണ്ട്‌. എങ്കിലേ ആ സ്ഥാനം നിലനിര്‍ത്താന്‍വേണ്ടി അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അവര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്കുവേണ്ടിയേ ഭരിക്കൂ. കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റാലും പാര്‍ട്ടിയിലൂടെ അധികാരത്തിന്റെ ചക്കരഭരണിയില്‍ കയ്യിടാമല്ലോ. തോറ്റാലും ജയിച്ചാലും പാര്‍ട്ടിക്കാര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്നുകൊണ്ട്‌ ഭരണം നിയന്ത്രിക്കുന്നു എന്ന അപകടകരമായ സ്ഥിതിവിശേഷം മാറിയാല്‍ മാത്രമേ ഇവിടെ യഥാര്‍ത്ഥ ജനാധിപത്യസംവിധാനം ഉണ്ടാകുകയുള്ളൂ. 
ഏതെങ്കിലും ഒരു പാര്‍ട്ടി വളര്‍ത്തി വലുതാക്കി ഒരാളെ മന്ത്രിയാക്കുക, അയാള്‍ തിരിച്ച്‌ പാര്‍ട്ടിയെ വളര്‍ത്തുക. ഈ ജനാധിപത്യം കൊണ്ട്‌ ജനങ്ങള്‍ക്ക്‌ എന്താണ്‌ ഗുണം. ഇവിടെ ഇതുവരെ വളര്‍ന്നത്‌ കുറെ മന്ത്രിമാരും കുറേ പാര്‍ട്ടിക്കാരും മാത്രമാണ്‌. ഇത്‌ ജനാധിപത്യമല്ല, പാര്‍ട്ടികളുടെ ആധിപത്യമാണ്‌. ദീര്‍ഘവീക്ഷണവും കാര്യപ്രാപ്‌തിയുമുള്ള, മൂല്യ ബോധവുമുള്ള, പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങാത്തവരുമായ വ്യക്തികളെ അധികാര സ്ഥാനങ്ങളില്‍ എത്തിക്കുന്നതുവരെ മാത്രമേ പാര്‍ട്ടി എന്ന സംവിധാനത്തിനു സ്ഥാനം പാടുള്ളു. അതിനുശേഷം പാര്‍ട്ടികള്‍ മാറിനില്‍ക്കണം. അധികാര സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട്‌ അവര്‍ അവരില്‍ അര്‍പ്പിതമായിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന്‌ വിലയിരുത്തുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും ഇവിടെ ഒരു ശക്തമായ ഭണഘടനയും നിയമങ്ങളും ചട്ടങ്ങളും സംവിധാനങ്ങളും ഉണ്ട്‌. പാര്‍ട്ടി അധികാരസ്ഥാനങ്ങളില്‍ എത്തിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക്‌ തൃപ്‌തികരമല്ലെങ്കില്‍ അടുത്ത തിരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക്‌ അവരെ ഒഴിവാക്കാം. ജനങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ എതിരായിട്ടാണ്‌ അയാളെ പാര്‍ട്ടി തഴയുന്നതെങ്കില്‍, പാര്‍ട്ടിയുടെ പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിക്കുവാനും കഴിയുമെന്നതിനാല്‍ പാര്‍ട്ടിക്ക്‌ ഏകപക്ഷീയമായി തീരുമാനമെടുക്കവാന്‍ കഴിയാതെ വരും. അയാള്‍ വീണ്ടും ആ സ്ഥാനത്തേക്ക്‌ തിരഞ്ഞടുക്കപ്പെടുവാന്‍ യോഗ്യനാണെങ്കില്‍, അത്‌ ജനങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാം. അയാളേക്കാളും സമര്‍ത്ഥനായ ഒരാളെ ഉയര്‍ത്തികൊണ്ടുവരാന്‍ പാര്‍ട്ടിക്ക്‌ കഴിയുമെന്നതിനാല്‍ അയാള്‍ മികവ്‌ പുലര്‍ത്തികൊണ്ടേയിരിക്കും. അയാള്‍ അധികാരസ്ഥാനത്ത്‌ ഇരിക്കുമ്പോള്‍, അയാള്‍ പാര്‍ട്ടിയേയോ, പാര്‍ട്ടി അയാളുടെ സ്ഥാനത്തേയോ ദുരുപയോഗപ്പെടുത്തിയാല്‍ അത്‌ അഴിമതിയുടെ പരിധിയില്‍പ്പെടുത്തി അയാളെ പുറത്താക്കാവുന്നതും സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന്‌ പാര്‍ട്ടിക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താവുന്നതുമാണ്‌. അത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ നല്ല പാര്‍ട്ടികളും നല്ല അധികരികളും ഉയര്‍ന്നു വരും. അധികാരത്തില്‍ കൈവെക്കുവാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി നിലനില്‍പ്പിനായി ജനങ്ങളിലേക്കും ജനോപകാരപ്രദമായ സേവനങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കും. രക്ഷിക്കാനോ ശിക്ഷിക്കാനോ പാര്‍ട്ടിക്ക്‌ കഴിയാത്ത സാഹചര്യം ഉള്ളതുകൊണ്ട്‌ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സത്യസന്ധതയും ഭരണമികവും പുലര്‍ത്തുവാന്‍ സദാ ജാഗരൂകരായിരിക്കും. 

സുധീര്‍ദാസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ