പിച്ചക്കാരന്‍

കാവലുണ്ട്‌, കാറുണ്ട്‌, കൊട്ടാരം പോലൊരു-
വീടുണ്ടെന്നാലും, മാനവാ നീയുമോര്‍ക്കുക,
കൈനീട്ടി നിന്നിരുന്നു നീയുമൊരിക്കല്‍,
അവസരങ്ങളെന്ന ഓട്ടകാലണകള്‍ക്കായ്‌.

പക്ഷത്താളുണ്ട്‌, പദവിയുണ്ട്‌, വാനോളമുണ്ട്‌-
പെരുമയെന്നാലും നീയുമോര്‍ക്കുക, നേതാവെ,
കൈനീട്ടി നിന്നിരുന്നു നീയുമൊരിക്കല്‍,
കൂരകള്‍ക്കുമുന്നില്‍, വോട്ടെന്ന പിച്ചക്കാശിനായി.

കസേരയുണ്ട്‌, പേരിന്‍പലകയുണ്ട്‌, ഒപ്പിനേറെ-
വിലയുണ്ടെന്നാലും, നീയുമോര്‍ക്കുക സേവകാ,
പ്രേതംപോലലഞ്ഞിരുന്നു നീയുമൊരിയ്‌ക്കല്‍ ,
അഞ്ചക്കമുള്ളോരു വെള്ളകോളര്‍ ജോലിയ്‌ക്കായി.

മാനവും ഞാനെന്നഭാവവും  അടിയറവെച്ച്‌,
കൈനീട്ടുന്നതൊരുവന്‍, ഉദരം നിറയ്‌ക്കുവാന്‍.
വിനയം നടിച്ചുമത്യാഗ്രഹമൊക്കെ മറച്ചും,
കൈനീട്ടുന്നതൊരുവന്‍,  ഉയരങ്ങളിലെത്തുവാന്‍.

ഇതുവരെ കൈനീട്ടിയിട്ടില്ലാരുടേയും  മുന്‍പിലെന്ന്‌,
കൈയ്യടിച്ചാണയിടും മുമ്പായി ഒന്നോര്‍ക്കുക,
`നല്ലതുവരുത്തണമേയെന്ന്‌` പെറ്റമ്മയെങ്കിലും,
നിനക്കായിരന്നിരിക്കാം ഈശ്വരനോടെങ്കിലും,

കൈനീട്ടുന്നവനോട്‌ കണ്ണും കാതുമടയ്ക്കും മുന്‍പ്‌,
ഞാനും നീയും ഓര്‍ത്തിരിക്കേണ്ടതൊന്നുമാത്രം
ഇന്നലെയിരന്നുവാങ്ങിയ ചില്ലറത്തുട്ടുകളായിരുന്നു
കയറിവന്നോരോ പടികളും വാതിലുകളുമെന്ന്‌.

നാളെയെന്തന്നറിയാത്ത അല്‍പ്പായുസാം ജീവിതത്തെ,
നിറക്കുക, നിസ്വാര്‍ത്ഥമാം നന്മകളാല്‍ മാത്രം.
പണക്കാരനെന്നാല്‍,  കുറേ കാശുള്ള വെറുമൊരു-
പിച്ചകാരനെന്നുമാത്രം ഓര്‍ത്തുവെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ