നീര്‍പളുങ്കുകള്‍കണ്‍പീലിയില്‍ ഒരു കണ്ണുനീര്‍തുള്ളിപോല്‍.
മണ്‍പീലിയിലൂറും നീയൊരു നീര്‍തുള്ളിയായ്‌,

തൊട്ടുനോക്കാതിരിക്കുവതെങ്ങിനെ, നിന്‍
സുതാര്യസുന്ദരമാം മൃദുമേനി, യെങ്കിലും.

തൊട്ടുനോക്കുവതെങ്ങിനെ, ഒരു മൃദു-
സ്‌പര്‍ശമേ നിന്നെ ഇല്ലാതാക്കുമെങ്കില്‍.

കണ്ടു ഞാനവള്‍തന്‍ കണ്‍പീലിയിലും
നിന്നെപ്പോലഴകെഴും ഒരു സ്‌നേഹതുള്ളിയെ.

കൈകൊതിച്ചെങ്കിലും, തൊട്ടില്ല ഞാനാ,
പ്രണയതുള്ളിയെ നഷ്ടപ്പെടുമെന്നോര്‍ത്തുമാത്രം.

വീണുറങ്ങുകയാണാ നീര്‍മണിയിന്നുമെന്‍,
ഹൃദയമാം ചിപ്പിയില്‍ ഒരു പവിഴമഴതുള്ളിയായ്‌.

നീറും മനസ്സിലൂറും, മധുരമായ്‌ മാറും,
എങ്കിലും നുകരുവാനാകാത്ത നറുംതേനായ്‌,

കണ്ണിലുറവയെടുത്ത്‌, കവിളിലൂടൊഴുകി,
ഒരു വിരല്‍ത്തുമ്പിലലിയാന്‍ വിതുമ്പും,

കടലിനുമാകാത്ത ദാഹം തീര്‍ക്കുവാന്‍
ആത്മാവിലുറയുമൊരു നീര്‍തുള്ളിയാണു നീ,

നിശബ്ദനിഗൂഢസുന്ദരമാണു പ്രണയം,
തൊട്ടാലലിഞ്ഞുപോം മഞ്ഞിന്‍കണം പോല്‍.


സുധീര്‍ദാസ്‌.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ