ചില രാഷ്ട്രീയ നിലപാടുകള്‍

ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീചായ്‌വുകള്‍ അപകടകരമാണ്‌. ഇടതുപക്ഷമായാലും വലതുപക്ഷമായായലും മതപക്ഷമായാലും എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും അന്ധമായി അനുകൂലിക്കുന്ന വലിയൊരു ജനവിഭാഗം ഇവിടെ ഉണ്ട്‌. അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും എതിരാളികള്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നും അവര്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കുന്നു. ആന്റണി എന്തു ചെയ്‌തു എന്നു ചോദിക്കുമ്പോള്‍ മറുപടി അച്യുതാനന്ദന്‍ എന്ത്‌ ചെയ്‌തു എന്നാണ്‌. കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണോ എന്ന ചോദ്യത്തിന്റെ ഉത്തരം പി. ശശി ചെയ്‌തത്‌ തെറ്റാണോ എന്നാണ്‌. ബാലകൃഷ്‌ണപിള്ള അഴിമതിക്കാരനല്ലേ എന്നു ചോദിച്ചാല്‍ ലാവ്‌ലിനില്‍ പിണറായി പ്രതി ചേര്‍ക്കപ്പെട്ടവനാണല്ലോ എന്നായിരിക്കും മറുപടി. അമ്മയെതല്ലിയാലും രണ്ടുപക്ഷം ഉണ്ടാകുന്ന നാട്ടില്‍ അത്‌ സ്വാഭാവികമല്ലേയെന്നും തോന്നിയേക്കാം. പക്ഷേ, രാഷ്ട്രീയക്കാരന്റെ ശരിതെറ്റുകളെ അന്ധമായി അനുകൂലിക്കുമ്പോള്‍ അല്ലെങ്കില്‍ എതിര്‍ക്കുമ്പോള്‍ വിജയിച്ചുകൊണ്ടിരിക്കുന്നത്‌ രാഷ്ട്രീയക്കാരന്റെ "വെടക്കാക്കി തനിക്കാക്കുന്ന" തന്ത്രമാണ്‌. പണ്ട്‌ വെള്ളക്കാര്‍ വിജയകരമായി നടപ്പാക്കിയ "വിഭജിച്ചു ഭരിക്കുക" എന്ന തന്ത്രമെന്നും പറയാം. ഇവിടെ നിഷ്‌പക്ഷമായി നിലനില്‍ക്കുന്നത്‌ ചെറിയൊരു പക്ഷമാണ്‌. അവരാണ്‌ 5 വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞടുപ്പുകളെ സ്വാധീനിക്കുന്നത്‌. അവര്‍ ഓരോ 5 വര്‍ഷങ്ങള്‍ കൂടുമ്പോഴും മാറി മാറി വോട്ടു ചെയ്‌തുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട്‌ ഇടതിനും വലതിനും മാറി മാറി ഭരിക്കാന്‍ അവസരം കിട്ടികൊണ്ടേയിരിക്കുന്നു. ആരു ഭരിച്ചാലും അവസരം മുതലെടുക്കാന്‍ കാത്തിരിക്കുന്ന അവസരവാദികളായ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പങ്കുപറ്റിയിരിക്കും. 5 വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ 5 വര്‍ഷം ഭരണപക്ഷത്തുമായി സുഖമായിരിക്കാം. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമല്ലേ. ചുരുക്കിപറഞ്ഞാല്‍ ജനപക്ഷത്തുനിന്നില്ലെങ്കിലും ജനങ്ങള്‍ക്ക്‌ വേറെ ചോയ്‌സില്ലാത്തതിനാല്‍ തിരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്‌. ഇതിനിടയില്‍, ഇപ്പോള്‍ എന്റെ തെറ്റുകള്‍ നീ കണ്ടില്ലെന്നു നടിച്ചാല്‍ അടുത്ത തവണ നിന്റെ തെറ്റുകള്‍ ഞാനും കണ്ടില്ലെന്നു നടിക്കാം എന്ന, ചില രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉണ്ടാക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ചില ഹൈലെവല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടന്നാല്‍ പ്രതിപക്ഷത്തിരിക്കുന്നവനും കാര്യം നേടാവുന്ന സാഹചര്യവും നിലനില്‍ക്കുന്നു. 

കേരളത്തില്‍ ഇനി ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി ഉയര്‍ന്നു രുന്നതിനോ വളര്‍ന്നുവരുന്നതിനോ സാധ്യത കുറവാണ്‌. അതുകൊണ്ട്‌ മൂല്യാധിഷ്‌ഠിതമായ, ജനപക്ഷത്തുനില്‍ക്കുന്ന നിലപാടുകള്‍ എടുത്തില്ലെങ്കിലും നിലവിലുള്ള രാഷ്ട്രീയപര്‍ട്ടികള്‍ക്ക്‌ ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ടാണ്‌ തമ്മില്‍ ഭേദം തൊമ്മന്‍ എന്നു കരുതിയിരുന്ന ഇടതുപക്ഷം പോലും അടവുനയമെന്ന അല്ലെങ്കില്‍ പ്രായോഗിക രാഷ്ടീയമെന്ന ഓമനപ്പേരില്‍ പേരില്‍ മതന്യൂന പക്ഷങ്ങളെ പ്രീണിപ്പിക്കുക, ചില തെറ്റുക ള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുക തുടങ്ങിയ നിലവാരമില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ മടി കാണിക്കാത്തത്‌. അണികളെ മുഷിപ്പിച്ചാലും കുഴപ്പമില്ല. എതിര്‍പാര്‍ട്ടികള്‍ അതിലും മോശ മാണെന്ന ബോധമുള്ളതുകൊണ്ട്‌ എതിര്‍പ്പു ണ്ടായാലും അണികള്‍ക്ക്‌ വേറെ ബെറ്റര്‍ ചോയ്‌സൊന്നും ഇല്ലല്ലോ. ഏതു പക്ഷമായാലും ഇതേ സമീപനം തന്നെയാണ്‌. 

ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ നയങ്ങളും ഒരേ നിലപാടുകളുമാണെന്ന്‌ മനസ്സിലാക്കാം. എ.ഡി.ബി. വായ്‌പയായലും വിദേശ മൂലധനമായാലും, ഇന്ധന വിലവര്‍ദ്ധനവായാലും, ടോള്‍ പിരിവായാലും, മണ്ണു മാഫിയയാലും, മണല്‍ മാഫിയയാലും, ഭൂമാഫിയയാലും, മാലിന്യ നിര്‍മാര്‍ജ്ജനമായാലും, പ്രകൃതി ചൂഷണമായാലും, വിവരാവകാശ സ്വാതന്ത്യമായാലും രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍, അവസരവാദപരമാണ്‌, അവരുടെ സമീപനങ്ങള്‍ ഒന്നുതന്നെയാണ്‌. കാരണം പാര്‍ട്ടി നേതാക്കള്‍ക്കറിയാം ജനങ്ങള്‍ക്ക്‌ വേറെ ചോയ്‌സില്ല. ഇപ്പോള്‍ ജനങ്ങള്‍ എതിര്‍ത്താലും നാളെ ജനങ്ങള്‍ അവര്‍ക്കുതന്നെ വോട്ടു ചെയ്യേണ്ടിവരും. മന്ത്രിമാരും നേതാക്കന്‍മാരും പാര്‍ട്ടിക്കാരും തെറ്റുകള്‍ ചെയ്‌തു കൊണ്ടേയിരിക്കുമ്പോള്‍, ജനങ്ങള്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കും. ആന്റണി എന്തു ചെയ്‌തു എന്നു ചോദിക്കുമ്പോള്‍ മറുപടി അച്യുതാനന്ദന്‍ എന്ത്‌ ചെയ്‌തു എന്നും, കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണോ എന്ന ചോദ്യത്തിന്റെ ഉത്തരം പി. ശശി ചെയ്‌തത്‌ തെറ്റല്ലേ എന്നും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ഒരു പരിധിവരെയെങ്കിലും ആന്റണിയേയും അച്യുതാനന്ദനേയും പോലുള്ള ചിലരെങ്കിലും അഴിമതിക്കെതിരെ ഉറച്ചനിലപാടുകള്‍ എടുക്കുന്നുണ്ട്‌  എന്നുവേണം കരുതുവാന്‍. പക്ഷെ അപ്പോള്‍പോലും അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളുടെ നിലപാട്‌ സംശയകരമാണ്‌. ആന്റണി കോണ്‍ഗ്രസ്സു കാരനായതുകൊണ്ടോ അച്യുതാനന്ദന്‍ കമ്മ്യൂണിസ്സറ്റ്‌ ആയതുകൊണ്ടോ അല്ല ഇത്തരം വേറിട്ട സമീപനങ്ങള്‍ അവര്‍ എടുക്കുന്നത്‌. അത്‌ അവരുടെ ഉയര്‍ന്നനിലവാരമുള്ള തികച്ചും വ്യക്തിപരമായ സ്വഭാവസവിശേഷത കൊണ്ടുമാത്രമാണ്‌. അവര്‍ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ അവരുടെ പാര്‍ട്ടികള്‍ക്ക്‌ യാതൊരു റോളുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ പാര്‍ട്ടിയില്‍ കുറേക്കൂടി ആന്റണിമാരും അച്യുതാനന്ദന്‍മാരും ഉണ്ടാകുമായിരുന്നല്ലോ. ജനാധിപത്യം നല്ലതാണ്‌. അതിന്റെ അടിത്തറയായ രാഷ്ട്രീയവും നല്ലതാണ്‌. പക്ഷെ രാഷ്ട്രീയത്തില്‍ കടന്നുവരുന്നരുടെ സ്വഭാവശുദ്ധിയും നിസ്വാര്‍ത്ഥതയും വിലയിരുത്തുന്നതിന്‌ നമ്മുടെ ജനാധിപത്യത്തില്‍ സംവിധാനമില്ല എന്നതാണ്‌ സത്യം. അത്തരം ഒരു സംവിധാനം ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.

സുധീര്‍ദാസ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ